Loading...

ഞാൻ അറിഞ്ഞ എന്നെ അറിഞ്ഞ എന്റെ കൃഷ്ണൻകുട്ടിച്ചായാൻ Evg. P S Thampan

Fri 31 Mar 2017 09:49:27 | 0 comments

ഞാൻ അറിഞ്ഞ എന്നെ അറിഞ്ഞ  എന്റെ കൃഷ്ണൻകുട്ടിച്ചായാൻ

Evg. P S Thampan


എന്റെ കൃഷ്ണൻകുട്ടിച്ചായാനെ മരണം കീഴ്പ്പെടുത്തി എന്നോ? ഒരിക്കലുമില്ല! കാരണം മരണത്തെ നോക്കി, വെല്ലുവിളി ഏറെ നടത്തിയിട്ടുള്ള ആർ.കെ.എന്ന പ്രസംഗികളുടെ പ്രഭു വെല്ലുവിളിക്കുന്നു ഇപ്പോഴും: 
*"ഹേ! മരണമേ, നിന്റെ ജയം എവിടെ? ഹേ! പതാളമേ,*
*നിന്റെ വിഷമുള്ളു എവിടെ?"* മരണം തനിക്കു കീഴടങ്ങുകയായിരുന്നു ~ അതാണു ശരി.

കൃഷ്ണൻകുട്ടി എന്ന പൊതുസ്വത്തിനെ സ്വകാര്യവൽക്കരിച്ചിരിക്കുന്ന ആരെക്കാളും അദ്ദേഹത്തെ അടുത്തറിയാവുന്ന ആൾ പി.എസ്.തമ്പാനാണ്. അഹങ്കാരം പറയുകയാണെയെന്നു ധരിക്കരുത്. എന്നെക്കൊണ്ട് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിക്കണം എന്ന ആഗ്രഹം വരെ തനിക്കുണ്ടായിരുന്നു. എന്നാൽ അതിനു വിധി 
ഉണ്ടായത് മറ്റു പലർക്കുമാണ്. അത് അവർ നന്നായി നിർവ്വഹിക്കുകയും ചെയ്തു.

ഞാൻ ആദ്യമായി കേൾക്കുന്ന തന്റെ പ്രസംഗം 
*ഇവൻ ആർ?* എന്നുള്ളതായിരുന്നു. കാറ്റിനെയും കടലിനെയും ചൊല്പടിക്കു നിർത്തിയ ഇവൻ ആർ എന്നു ചോദിച്ചുകൊണ്ടു ആരംഭിച്ചു അണമുറിയാതൊഴുകിയ പ്രഭാഷണത്തിന്റെ ആ അനർഗ്ഗള പ്രവാഹത്തിൽ ഞാൻ അടിതെറ്റി ഒഴുകയായിരുന്നു. എന്റെ അന്തരാളത്തിൽ അന്തംവിട്ടു ഉയർന്ന ഒരു ചോദ്യം, പിൽക്കാലത്തു പാക്കിൽ നടന്ന ഒരു കൺവെൻഷനിൽ കൃഷ്ണൻകുട്ടി എന്ന മഹാപ്രതിഭയെ പരിചയപ്പെടുത്തുമ്പോൾ കർതൃദാസൻ ഇ.കെ. ജോർജ് സാർ ഉന്നയിക്കുകയുണ്ടായി: *കൃഷ്ണൻകുട്ടി ആർ(?)* എന്ന്. ആ പ്രസംഗധോരണിയിൽ സദസ്സാകെ ഇളകി ഉലയുന്നത് കൗതുകത്തോടെയാണ് ഞാൻ നോക്കി കണ്ടത്. എന്റെ വീടിനു മുറ്റത്തു ആ യോഗം നടക്കുമ്പോൾ എനിക്കു പ്രായം ഏറിയാൽ പന്ത്രണ്ട്! അന്ന് ഇതു വായിക്കുന്നവരിൽ പലരും ജനിച്ചിട്ടുണ്ടാവില്ല. അന്ന് അദ്ദേഹം അവിവാഹിതനും ആയിരുന്നു. അന്നു മുതലുള്ള ആഴമുള്ള സുദൃഢമായ ആത്മബന്ധത്തിന്റെ നീണ്ട ചരിത്രം മതി എനിക്കു സന്തോഷിക്കാൻ.

ആ യോഗങ്ങളുടെ അനുബന്ധമായി രണ്ടു കവല പ്രസംഗങ്ങൾ നടന്നു. അതിൽ ഒന്ന് മുക്കുഴിക്കടുത്തുള്ള പൊതിയപ്പാട് എന്ന സ്ഥലത്തായിരുന്നു. ശ്രീനാരായണീയർക്കു മഹാഭൂരിപക്ഷം ഉള്ള മേഖലയായിരുന്നു അത്. പരിസരം കൃത്യമായി അവലോകനം നടത്തി പ്രസംഗം ചിട്ടപ്പെടുത്തുന്ന ജ്ഞാനിയായ ആ പ്രഭാഷകൻ നൂറുകണക്കിനു ഈഴവർ തടിച്ചു കൂടിയ സദസ്സിലേക്കു ഒരു ചോദ്യം, ശരം കണക്കെ തൊടുത്തുവിട്ടു: 
*"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറയുന്ന ശ്രീ നാരായണ ഗുരുവിനോട് ഞാൻ ഒന്നു ചോദിക്കട്ടെ;മരുന്നേതായാലും രോഗിക്കു സുഖം വരുമോ?"* ഇതു കേൾക്കേണ്ട താമസം മലവെള്ളപ്പാച്ചിലുപോലെ ജനം ആർത്തിരമ്പി ആക്രോശിച്ചു തനിക്കു നേരേ പാഞ്ഞടുക്കുന്നതാണ് പിന്നെ കണ്ടത്. എന്റെ അഭിവന്ദ്യ പിതാവുൾപ്പെടെ ഞങ്ങൾ ഒരുപറ്റമാളുകൾ തനിക്കു രക്ഷാകവചം തീർത്തു അടുത്തെത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു: "സഹോദരന്മാർ മാറിനിൽക്കണം". ഞങ്ങൾ മാറി. തുടർന്ന് സദസ്സിനോടയി: "ഞാൻ പറയുന്ന ഓരോ വാക്കിനും ഞാനാണ് ഉത്തരവാദി. അതുകൊണ്ട് ഈ പാവങ്ങളുടെ മേൽ ഒരു മൺതരിപോലും വീഴരുത്. എന്നെ 
എറിഞ്ഞോളൂ. എന്റെ മേൽ ഒരു കൽക്കുന്നാക്കിയോളൂ. എന്നാൽ കാലപ്രവാഹത്തിൽ ഇവിടെ നിന്നു തന്നെ ഒരായിരം കൃഷ്ണൻകുട്ടിമാർ ആർത്തു ഉയർന്നു വന്നു ക്രിസ്തുവിനെ പ്രസംഗിക്കും"എന്നു പറഞ്ഞു. പിന്നെ എറിയാൻ വന്നവരുടെ പൊടിപോലും കണ്ടില്ല.

അന്നത്തെ രാത്രി യോഗമാണ് അടുത്ത രംഗം: കൺവെൻഷൻ നടക്കുന്നിടത്തു കത്തോലിക്ക ~ ഹൈന്ദവ ഭൂരിപക്ഷമാണുള്ളത്. അതറിഞ്ഞു പ്രഭാഷണത്തിനിടെ ഒരു പ്രയോഗം: *"കല്ലും മണ്ണുംകൊണ്ടു വിഗ്രഹങ്ങളെ ഉണ്ടാക്കി ആരാധിക്കാൻ വയ്യാത്ത ക്രിസ്ത്യാനികൾ പ്ലാസ്റ്റിക് ദൈവങ്ങളെ ഉണ്ടാക്കി കഴുത്തിൽ കെട്ടിത്തൂക്കി നടക്കുകയാണ്"*എന്നായി. കത്തോലിക്കർ വിടുമോ? അവർ ഇളകി. കൃഷ്ണൻകുട്ടിയെ തെല്ലും; കുത്തിക്കൊല്ലും എന്നൊക്കെയായി. അവർക്കു നേരേ അടുത്ത ചാട്ടുളി പ്രയോഗം അപ്പഴേക്കും റെഡ്‌ഡി! *"ഗംഗാസംഗമം എഴുതിയ പൊൻകുന്നം വർക്കിയോടു നിങ്ങൾക്കു വിരോധം ഇല്ല. പ്ലാസ്റ്റിക് ദൈവം എന്നു പറഞ്ഞ കൃഷ്ണൻകുട്ടിയോടാണ് നിങ്ങൾക്കു പരിഭവം?"* കന്യാസ്ത്രീക്കു മകനുണ്ടായ ഒരു നോവലാണ് അത്. അവരും കല്ലിട്ടുപോയി.

ആ സ്റ്റേജിൽനിന്നു വീണ്ടും ഉയർന്നു ആവേശത്തിന്റെ അലയടി! "എന്നെ കുത്തണോ? എങ്കിൽ അത് എന്റെ നെഞ്ചിലാവണം. ആ കഠാരാ എന്റെ ഹൃദയത്തിൽ ഇറങ്ങണം. അവിടുന്നു ചീറ്റിവരുന്ന രക്തവും യേശുവിനെ പ്രഘോഷിക്കുന്നതായിരിക്കും. അല്ലയോ ക്രിസ്ത്യാനിയേ, ഓർത്തോളൂ ആ ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം കൃഷ്ണൻകുട്ടിമാർ ഉയിർത്തുവന്നു ക്രിസ്തുവിനെ പ്രസംഗിക്കും!" ആ ധീരത എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ ആ കുറിയ വലിയ മനുഷ്യനെ അന്നുമുതൽ സ്നേഹിക്കാൻ തുടങ്ങി. ആ ധന്യജീവിതത്തെ ആരാധനയോടെ ഞാൻ നോക്കി കണ്ടു.

പ്രാസപ്രധാനമായ തന്റെ ആ പ്രസംഗത്തിന്റെ ഒടുവിൽ പ്രാസം ചേർത്തു പറഞ്ഞ ഒട്ടേറെ വാചകങ്ങൾ ഉണ്ട്. അവയൊക്കെ എനിക്കു മനഃപാഠവുമാണ്. ഒരു വാചകം മാത്രം ഇവിടെ ഉദ്ധരിക്കുന്നു: 
*"കാലാതീതതയിൽനിന്നു കാലത്തിലേക്ക് കാലൂന്നിവന്നു കാലത്തിലൂടെ കടന്നുപോയെങ്കിലും കാലത്തിന്റെ കാലുഷ്യം ഒന്നുമേൽക്കാതെ ജീവിച്ചു ഒടുവിൽ കാൽവരിയിലെ ക്രൂശിൽ കള്ളരുടെ നടുവിൽ കതറി കതറി കരഞ്ഞു മരിച്ചു കല്ലറയിൽ അടക്കപ്പെട്ടു കൈസരുടെ കാവൽ പടയണിയെ കണക്കിനു തോൽപ്പിച്ചു കലാതീതയിലേക്കു മടങ്ങി പോയി കഴലിണ അഭയം തേടി വരുന്നവർക്ക് കരിരുമ്പാണി തഴമ്പുള്ള കൈകളുയർത്തി അനുഗ്രഹിക്കുന്ന ക്രിസ്തു കാലവിളംബമെന്യേ കാലത്തിലേക്ക് മടങ്ങിവരും..."*

ഇതാണ് എന്റെ കൃഷ്ണൻകുട്ടിച്ചയാൻ. ഇത്തരം ഒരായിരം ഓർമ്മകൾപോരേ എനിക്ക്...ആരുടേയും ഒരു ഔദാര്യവും തെന്നേക്കുറിച്ചോർക്കാൻ പി.എസ്. തമ്പാനു വേണ്ടാ. സാധിക്കുന്നതുപോലെ ആ ഓർമ്മകൾ ഇനിയും പങ്കിടാം..
ബൈ കൃഷ്ണൻകുട്ടിച്ചായാ....

Evg. P.S.Thamban


Comments
or

Latest Activity

posted a new blog entry OM BOOKS.
3 years ago
posted a new blog entry OM Books Online.
3 years ago
posted a new blog entry ശൂലമി.
3 years ago

Share

Powered by