Loading...


മഹാകവി കെ.വി. സൈമണ്‍

പ്രശസ്തമായ നിരവധി മലയാള ക്രൈസ്തവ കീര്‍ത്തനങ്ങളുടെ രചയിതാവും, മലയാള ഭാഷയില്‍ ബൈബിളിലെ പ്രവചനപുസ്തകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത ഒരു പ്രമുഖ ക്രൈസ്തവ ദൈവശാസ്ത്രപണ്ഡിതനും, ഒരു ക്രൈസ്തവ മതപ്രചാരകനും ആണ് കെ.വി. സൈമണ്‍. ഒരു കവി എന്ന നിലയിലാണു കെ.വി. സൈമണ്‍ കൂടുതല്‍ പ്രശസ്തന്‍ ‍. വേദപുസ്തകത്തിലെ ഉല്പത്തി പുസ്തകത്തെ ആധാരമാക്കി വേദവിഹാരം എന്ന പേരില്‍ ഒരു മഹാകാവ്യം രചിച്ചിട്ടുള്ളതിനാല്‍ മഹാകവി കെ.വി. സൈമണ്‍ എന്ന പെരില്‍ ആണു ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. വേര്‍പാടു സഭ അഥവാ വിയോജിത സഭ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പിറവിക്കു കാരണക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം.

ജനനം, ബാല്യം, വിദ്യാഭ്യാസം

1883-ല്‍ ഇടയാറുന്മുള കുന്നുംപുറത്തു ഭവത്തില്‍ വര്‍ഗ്ഗീസിന്റേയും (ഇദ്ദേഹത്തിനു ഹൈന്ദവപുരാണങ്ങളില്‍ നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു) കാണ്ടമ്മയുടേയും (ഇവര്‍ക്ക് കവിതയില്‍ പ്രത്യേക വാസനയുണ്ടായിരുന്നു) മകനായി 1883-ല്‍ ആണു കെ.വി. സൈമണ്‍ ജനിച്ചത്. നാലാമത്തെ വയസ്സില്‍ തന്നെ അക്ഷരമാല മുഴുവന്‍ ഹൃദിസ്ഥമാക്കി. എട്ടാമത്തെ വയസ്സുമുതല്‍ തന്നെ സൈമണ്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയിരുന്നു എന്നു പറയപ്പെടുന്നു. ജേഷ്ഠസഹോദരന്‍ ചെറിയാന്‍ തന്നെയായിരുന്നു ആദ്യത്തെ ഗുരുനാഥന്‍

ഈ കുട്ടിക്കു വിസ്മനീയമായ കവിതാവാസനയുണ്ടെന്നും പാഠ്യവിഷയങ്ങള്‍ സ്വയം പദ്യമാക്കുന്നുണ്ടെന്നും ക്ളിഷ്ടസമസ്യകള്‍ അനായേസേന പൂരിപ്പിക്കാറുണ്ടെന്നും ചെറിയാന്‍ എന്നോടു പറകയാല്‍, അന്നു ചില സമസ്യകള്‍ ഞാന്‍ കൊടുക്കുകയും ബാലന്‍ അവയെ അക്ളിഷ്ടമായി പൂരിപ്പിക്കുകയും ചെയ്തു

എന്നാണു സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ സൈമണിനെ പറ്റി സാക്ഷിക്കുന്നത്.

13-മത്തെ വയസ്സില്‍ തന്നെ പ്രാഥമിക പരീക്ഷയില്‍ ചേര്‍ന്നു ജയിച്ചു. തദനന്തരം ജ്യേഷ്ഠന്‍ മുഖ്യാദ്ധ്യാപകനായിരുന്ന മാര്‍ത്തോമ്മാ സ്കൂളില്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. ഒരു ഭാഷാപണ്ഡിതന്‍ കൂടിയായിരുന്ന ജ്യേഷ്ഠനില്‍ നിന്നു സംസ്കൃതഭാഷയുടെ ആദിമപാഠങ്ങള്‍ പഠിച്ച ശേഷം സ്വന്തപ്രയത്നം കൊണ്ട് ആ ഭാഷയില്‍ വ്യുല്പത്തി സമ്പാദിച്ചു. കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, വേദാന്തം എന്നീ ശാഖകളില്‍ അന്നു കിട്ടാവുന്ന പ്രബന്ധങ്ങളത്രയും പാരായണം ചെയ്തു. മലയാളത്തിനും സംസ്കൃതത്തിനും പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉര്‍ദു, ഇംഗ്ളീഷ്, ഗ്രീക്ക് എന്നീ ഭാഷകളിലും പരിചയം സമ്പാദിക്കുകയും ആ ഭാഷകളിലെ ഗ്രന്ഥങ്ങള്‍ വായിച്ച് വിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

1900-ല്‍ പതിനേഴാം വയസ്സില്‍ അയിരൂര്‍ പാണ്ടാലപ്പീടികയില്‍ റാഹേലമ്മയെ വിവാഹം ചെയ്തു. (ഇവര്‍ അയിരൂര്‍ അമ്മ എന്ന പേരില്‍ പീന്നീട് അറിയപ്പെട്ടു).ഒരു മകള്‍ മാത്രമേ അദ്ദേഹത്തിനു സന്താനമായി ഉണ്ടായിരുന്നുള്ളൂ.

ബ്രദറണ്‍ സഭയിലേക്ക്

ബ്രദറണ്‍ സമൂഹത്തില്‍പ്പെട്ട പല പാശ്ചാത്യമിഷനറിമാര്‍ അന്നു മദ്ധ്യതിരുവിതാകൂറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. മുതിര്‍ന്ന ശേഷം ഏല്‍ക്കുന്ന സ്നാനം മാത്രമാണ് വേദാനുസരണമെന്നുള്ള സ്നാനം എന്ന് അവര്‍ വേദവാക്യങ്ങള്‍ ഉദ്ധരിച്ചു സമര്‍ത്ഥിക്കുകയും പലരെ പമ്പാനദിയില്‍ സ്നാനപ്പെടുത്തുകയും ചെയ്തു. അക്കൂട്ടത്തില്‍ കെ.വി. സൈമണും ഇരുപതാമത്തെ വയസ്സില്‍ അറാട്ടുപുഴക്കടവില്‍ വിശ്വാസസ്നാനം ഏറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അദ്ദേഹത്തിന്റെ മാതൃസഭയായിരുന്ന മാര്‍ത്തോമ്മാസഭയില്‍ നിന്നു മുടക്കി. അതു കൊണ്ട് ഒരു സ്വമേധാസുവിശേഷകനും പണ്ഡിതനും പ്രസംഗകനും ആയിരുന്ന സൈമണ്‍ മതോപദേശ സംബന്ധമായ വാദപ്രതിവാദങ്ങളീല്‍ ഏര്‍പ്പെട്ടും സ്വപക്ഷ സ്ഥാപനം ചെയ്ത് പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും ബ്രദറണ്‍ സഭാസംഘടന പ്രവര്‍ത്തനവും അതോടൊപ്പം അദ്ധ്യാപനവും നടത്തി പോന്നു.

അങ്ങനെ ആണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ക്രൈസ്തവസഭാതലത്തില്‍ വെള്ളക്കാരുടെ മേധാവിത്വം അദ്ദേഹത്തിനു ദുസ്സഹമായിത്തോന്നി. വെള്ളക്കാരുടെ ഇംഗിതമനുസരിച്ച് ബ്രദറണ്‍ സമൂഹവുമായി യോജിച്ച് പോകുവാന്‍ സാദ്ധ്യമല്ല എന്നു കണ്ടപ്പോള്‍ വേര്‍പാട് സഭ/വിയോജിത സഭ എന്ന പേരില്‍ ഒരു സ്വതന്ത്രസഭയ്ക്ക് രൂപം കൊടുത്തു. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ഈ സഭാവിഭാഗം കെട്ടിപ്പടുക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. (ഈ സഭ പിന്നീട് ബ്രദറന്‍ സഭയില്‍ തന്നെ ലയിച്ചു എന്നാണു എന്റെ അറിവ്. ഈ ചരിത്രത്തെക്കുറിച്ച് അറിവുള്ള ആരെങ്കിലും അത് ഇവിടെ കമെന്റായി ഇടുമല്ലോ.)

ഈ സമയത്ത് ക്രിസ്തുമതത്തെ ആക്ഷേപിച്ചു കൊണ്ട് കൃഷ്ണന്‍ നമ്പ്യാതിരി എന്നൊരാള്‍ തിരുവിതാംകൂറില്‍ പ്രസംഗം ചെയ്തു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനോ തക്ക മറുപടി പറയാനോ രണ്ടു മതത്തിന്റേയും സാഹിത്യങ്ങളില്‍ അവഗാഹം നേടിയ ആരും തന്നെ ഇല്ലയ്കയാല്‍ ക്രൈസ്തവമതനേതാക്കള്‍ കെ. വി. സൈമണിനെ അഭയം പ്രാപിച്ചു. കൃഷ്ണന്‍ നമ്പ്യാതിരിയുടെ ആക്ഷേപങ്ങളെ നിശിതമായി വിമര്‍ശിച്ചും അദ്ദേഹത്തിന്റെ വാദങ്ങളെ ഹിന്ദുമതഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരികള്‍ കൊണ്ടു തന്നെ ഖണ്ഡിച്ചും ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിച്ച് കെ.വി. സൈമണ്‍ എഴുതിയ കൃതിയാണ് സത്യപ്രകാശിനി.

ക്രൈസ്തവസഭയിലെ മറ്റു അവാന്തരവിഭാഗക്കാരുമായി നടത്തിയ ഉപദേശസംബന്ധമായ തര്‍ക്കത്തിന്റെ ഫലമാണ് ത്രിത്വോപദേശം, സ്നാനം, സമ്മാര്‍ജ്ജനി, മറുഭാഷാനികഷം, ക്രൈസ്തവസഭാചരിത്രം തുടങ്ങിയ പുസ്തകങ്ങള്‍.

സംഗീതത്തിലുള്ള പ്രത്യേക താല്പര്യം

ജന്മസിദ്ധമായ മധുര നാദവും, സംഗീതത്തിലുള്ള പ്രത്യേക വാസനയും, ശാസ്ത്രീയ സംഗീതഭ്യസനത്തിനു കിട്ടിയ സുവര്‍ണ്ണാവസരവും സുവിശേഷപ്രചരണത്തിന്റെ ഉത്തമമാദ്ധ്യമമായിട്ടാണു അദ്ദേഹം ഉപയോഗിച്ചത്. സംഗീതഭ്യസനത്തെക്കുറിച്ച് അദ്ദേഹം തന്റെ ആതമകഥനത്തില്‍ ഇങ്ങനെ പറയുന്നു


1073-1074 ഈ കൊല്ലങ്ങളില്‍ എനിക്കുണ്ടായിരുന്ന സംഗീതവാസനയെ ഒന്നു പരിഷ്ക്കരിക്കാന്‍ സാധിച്ചു. എങ്ങനെയെന്നാല്‍ നല്ല സംഗീതജ്ഞനും, അഭ്യസ്തവിദ്യനും, മൃദംഗവായന, ഫിഡില്‍വായന ഇവയില്‍ നിപുണനും നല്ല സംഗീതജ്ഞനുമായ മി. ഡ്. ജയിംസ് എന്ന തമിഴന്‍ ഇടയാറന്മുള വന്നു താമസമാക്കി. ഈ ആള്‍ മുഖാന്തരവും സംഗീതരസികരായ ചില നാട്ടുകാര്‍ മുഖാന്തരവും രാമായണ നാടകം, ചൊക്കനാര്‍പാടല്‍, വേദനായക ശാസ്ത്രിയാര്‍ മുതലായവരുടെ തമിഴ് ക്രൈസ്തവഗാനങ്ങള്‍, തമിഴ് സാഹിത്യത്തിലുള്ള മറ്റു ഗാനങ്ങള്‍ മോശവത്സലം, വിദ്വാന്‍കുട്ടി , സ്വാതിതിരുനാള്‍ ഇവരുടെ കീര്‍ത്തനങ്ങള്‍ മുതലായവ അഭ്യസിക്കുവാന്‍ സമൃദ്ധിയായി അഭ്യസിക്കുവാന്‍ സമയം ഉപയോഗിച്ചു. മി. ജയിംസും ഞാനും ഒരുമിച്ചിരുന്നു ചില പാട്ടുകള്‍ എഴുതി. മറ്റു പ്രകാരേണയും ഈ അഭ്യസനത്തെ അഭിവൃദ്ധിപ്പെടുത്തുവാന്‍ കൂടുതല്‍ സൗകര്യം എനിക്കു ലഭിച്ചു.

നിരന്തരം സുവിശേഷപ്രസംഗങ്ങള്‍ ചെയ്യുകയും വേദപുസ്തകവും തദ്‌‌വാഖ്യാനങ്ങളും മറ്റനേകം ഗ്രന്ഥങ്ങളും പഠിക്കുകയും ധ്യാനിക്കുകയും ചെയ്തു കൊണ്ടിരുന്ന കെ.വി. സൈമണിന്റെ പഠനങ്ങളില്‍ നിന്നും ധ്യാനങ്ങളില്‍ നിന്നും ഉടവെടുത്തവയാണു അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എല്ലാം തന്നെ.

കെ.വി. സൈമണിന്റെ ഗാനങ്ങള്‍

കെ.വി. സൈമണിന്റെ മിക്കവാറും എല്ലാം ഗാനങ്ങളും അര്‍‌ദ്ധശാസ്ത്രീയ സംഗീതകീര്‍‌ത്തനങ്ങളാണു. അതിനാല്‍ തന്നെ സാധാരണ ക്രൈസ്തവ ആരാധനയില്‍ സംഘം ചേര്‍ന്ന് പാടുന്നതിനേക്കാള്‍ ഒറ്റയ്ക്കു പാടുന്നതിനും ആസ്വാദനം ചെയ്യുന്നതിനും ആണു കെ.വി. സൈമണിന്റെ ഗാനങ്ങള്‍ കൂടുതല്‍ ചേരുക. കെ.വി. സൈമണ്‍ ഏതാണ്ട് 300ഓളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ പല ഗാനങ്ങളും കേരളത്തിലെ ക്രൈസ്തവസഭകള്‍ തങ്ങളുടെ ആരാധനയ്ക്കായി ഉപയോഗിക്കുന്നു.

അദ്ദേഹത്തിന്റെ ചില പ്രശസ്തഗാനങ്ങള്‍ താഴെ പറയുന്നവ ആണ്.

 1. അംബ യെരുശലേം അമ്പരിന്‍ കാഴ്ചയിന്‍- വീഡിയോ യൂട്യൂബില്‍ - http://www.youtube.com/watch?v=4TV90r0-xx8
 2. ശ്രീ നരപതിയേ സീയോന്‍ മണവാളനേ - വീഡിയോ യൂട്യൂബില്‍ - http://in.youtube.com/watch?v=vBFSLm1AnnU
 3. പാഹിമാം ദേവ ദേവാ പാവനരൂപാ - വീഡിയോ യൂട്യൂബില്‍ - http://in.youtube.com/watch?v=WvF-v5PhM6o
 4. ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ സ്തുതിപ്പിന്‍ - ഓഡിയോ ഇ‌സ്‌നിപ്സില്‍ - http://www.esnips.com/doc/d7de9cb5-1dc9-4b62-8c74-0ecc240a5aba/Devajana-Samajamay-Ninjalashesham
 5. പാടും നിനക്കു നിത്യവും പരമേശാ - ഓഡിയോ ഇ‌സ്‌നിപ്സില്‍ -http://www.esnips.com/doc/4cb9b3c8-3483-4f69-8f47-cb031149a423/Paadum-Ninakku-Nithyavum-Paramesha
 6. തേനിലും മധുരം വേദമല്ലാതിന്നേതുണ്ട് ചൊല്‍ തോഴാ നീ - - ഓഡിയോ ഇ‌സ്‌നിപ്സില്‍ - http://www.esnips.com/doc/510bffa6-82ef-43d2-bb9c-660b7c47f905/Thenilum-Madhuram-Vedamallathinn
 7. എന്നാളും സ്തുതിക്കണം നാം നാഥനെ
 8. യേശുനായകാ ശ്രീശ നമോ നമോ

സംഗീതശതകം, ശതകാനുയായി എന്നീ രണ്ട് ഗാനസമാഹാരങ്ങള്‍ അദ്ദേഹം യൗവനാരംഭത്തില്‍ തന്നെ രചിച്ചാ ഗാനങ്ങളുടെ പുസ്തകരൂപമാണ്. ഗാനപ്രസൂനം, സംഗീതരത്നാവലി എന്നീ വേറെ രണ്ട് ഗാനസമാഹങ്ങളും അദ്ദേഹം പിന്നീട് രചിച്ചിട്ടുണ്ട്. കൂടാതെ ഉത്തമഗീതം, വെളിപാട് എന്നീ പുസ്തകങ്ങളുടെ ഭാഷ്യവും നല്ല ശമരയ്യര്‍, നിശാകാലം എന്നീ ഖണ്ഡകാവ്യങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

വേദവിഹാരം എന്ന മഹാകാവ്യം

വേദപുസ്തകത്തിലെ ഉല്‍പത്തി പുസ്തകം ആധാരമാക്കി രചിച്ച വേദവിഹാരം എന്ന മഹാകാവ്യം ആണ് കെ.വി. സൈമണെ മഹാകവി പദവിക്ക് അര്‍ഹനാക്കിയത്. (വേദവിഹാരത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ശ്രീമതി. ജ്യോതീബായ്‌ പരിയാടത്ത്‌ പാരായണം ചെയ്തിരിക്കുന്നത് ഈ ബ്ലൊഗില്‍ നിന്നു കേള്‍ക്കാം. http://kavyamsugeyam.blogspot.com/2008/12/blog-post_22.html)

അവസാനകാലം

1944-ല്‍ ശരീരസ്തംഭനം നിമിത്തം കായികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തി മിക്കവാറും നഷ്ടപ്പെട്ടു. അതിനു ശേഷം പൊതുരംഗങ്ങളീല്‍ അദ്ദേഹം പ്രത്യക്ഷപ്പെടുകയോ ഗാനങ്ങളൊന്നും രചിക്കുകയോ ചെയ്തിട്ടില്ല. 1944-ല്‍ 61-മത്തെ വയസ്സില്‍ കെ.വി. സൈമണ്‍ അന്തരിച്ചു.


കെ.വി. സൈമണിന്റെ പ്രശസ്തമായ ചില കീര്‍‌ത്തനങ്ങളുടെ വരികള്‍

 1. തേനിലും മധുരം വേദമല്ലാതില്ലാതിന്നേതുണ്ടു ചൊല്‍ തോഴാ
 2. അംബയെരുശലേം അമ്പരിന്‍ കാഴ്ചയില്‍
 3. പാടും നിനക്കു നിത്യവും പരമേശാ
 4. പുത്തന്‍ യെരുശലേമെ ദിവ്യ


തേനിലും മധുരം വേദമല്ലാതില്ലാതിന്നേതുണ്ടു ചൊല്‍ തോഴാ

തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടു ചൊല്‍ തോഴാ, നീ-
സശ്രദ്ധമതിലെ സത്യങ്ങള്‍ വായിച്ചു
ധ്യാനിക്കുകെന്‍ തോഴാ


മഞ്ഞുപോല്‍ ലോകമഹിമകള്‍ മുഴുവന്‍ മാഞ്ഞിടുമെന്‍ തോഴാ, ദിവ്യ-
രഞ്ജിത വചനം ഭഞ്ജിതമാകാ
ഫലം പൊഴിക്കും തോഴാ

പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളുമിതിന്നുസമമോ തോഴാ, എന്നും-
പുതുബലമരുളും അതിശോഭ കലരും
ഗതിതരുമന്യൂനം

തേനോടുതേന്‍ കൂടതിലെ നല്‍ തെളിതേനിതിന്നു സമമോ തോഴാ, ദിവ്യ-
തിരുവചനം നിന്‍ ദുരിതമകറ്റുവാന്‍
വഴിപറയും തോഴാ

ജീവനുണ്ടാകും ജഗതിയില്‍ ജനങ്ങള്‍ക്കതിശുഭമരുളീടും, നിത്യ-
ജീവാത്മസൗഖ്യം ദേവാത്മാവരുളും
വഴിയിതു താന്‍ നൂനം

കാനനമതില്‍വെച്ചാനന്ദരൂപന്‍ വീണവനോടെതിര്‍ക്കേ, ഇതിന്‍-
ജ്ഞാനത്തിന്‍ മൂര്‍ച്ച സ്ഥാനത്താലവനെ
ക്ഷീണിപ്പിച്ചെന്നതോര്‍ക്ക

പാര്‍ത്തലമിതിലെ ഭാഗ്യങ്ങളഖിലം പരിണമിച്ചൊഴിഞ്ഞീടിലും, നിത്യ-
പരമേശവചനം പാപിക്കു ശരണം
പരിചയിച്ചാല്‍ നൂനം


അംബയെരുശലേം അമ്പരിന്‍ കാഴ്ചയില്‍

അംബ യെരുശലേം അമ്പരിന്‍ കാഴ്ചയില്‍
അംബരെ വരുന്ന നാളെന്തു മനോഹരം


തന്‍മണവാളനുവേണ്ടിയലങ്കരി-
ച്ചുള്ളൊരു മണവാട്ടിട്ടി തന്നെയിക്കന്യകാ-

നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകണ്ടഭിരാമയായ്

ബാബിലോണ്‍ വേശ്യയേപ്പോലിവളെ മരു-
ഭൂമിയിലല്ല കാണ്മു മാമലമേല്‍ ദൃഢം

നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതവളിലാണന്യയിലല്ലതു

ഇവളുടെ സൂര്യചന്ദ്രര്‍ ഒരുവിധത്തിലും വാനം
വിടുകയില്ലിവള്‍ ശോഭ അറുതിയില്ലാത്തതാം

രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍
സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും

കനകവും മുത്തു രത്നം ഇവളണികില്ലെങ്കിലും
സുമുഖിയാമിവള്‍കണ്ഠം ബഹുരമണീയമാം


പാടും നിനക്കു നിത്യവും പരമേശാ

പാടും നിനക്കു നിത്യവും പരമേശാ!
കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ

പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍
വാടാതെ നിന്നെ വാഴ്ത്തുമേ പരമേശാ

പാടവമുള്ള സ്തുതി പാഠകനെന്ന പോല്‍
തേടും ഞാന്‍ നല്ല വാക്കുകള്‍ പരമെശാ

പൂക്കുന്നു വാടിയൊരു പൂവള്ളി തൂമഴയാല്‍
ഓര്‍ക്കുന്നു നിന്റെ പാലനം പരമേശാ

ഗന്ധം പരത്തീടുന്ന പുഷ്പങ്ങളാലെന്നുടെ
അന്തികം രമ്യമാകുന്നു പരമേശാ

ശുദ്ധരില്‍ വ്യാപരിക്കും സ്വര്‍ഗ്ഗീയവായുവാല്‍
ശുദ്ധമീ വ്യോമമണ്ഡലം പരമേശാ

കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ
തുഷ്ടിപ്പെടുത്തിയെന്നെ നീ പരമേശാ

സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയന്‍
ഞാനും സുഖേനെ വാഴുന്നു പരമേശാ

ആയവന്‍ തന്ന ഫലം ആകെ ഭുജിച്ചു മമ
ജീവന്‍ സമൃദ്ധിയാകുന്നു പരമേശാ

ദൈവപ്രഭാവമെന്റെ മുന്നില്‍ തിളങ്ങീടുന്നു
ചൊല്ലാവതില്ല ഭാഗ്യമെന്‍ പരമേശാ

എന്നുള്ളമാകും മഹാ ദേവാലയത്തില്‍ നിന്നു
പൊങ്ങും നിനക്കു വന്ദനം പരമേശാ


പുത്തന്‍ യെരുശലേമെ ദിവ്യ

പുത്തന്‍ യെരുശലേമെ ദിവ്യ
ഭക്തര്‍ തന്നാലയമേ തവനിഴലില്‍
പാര്‍ത്തീടുവാനടിയന്‍ അനുദിനവും
കാംക്ഷിച്ചു പാര്‍ത്തിടുന്നെ

നിര്‍മ്മലമാം സുകൃതം തന്‍ പൊന്നൊളിയാര്‍ന്നമരുമിടം
കാംക്ഷിച്ചു പാര്‍ത്തിടുന്നെ പുരമതിനെ
കാംക്ഷിച്ചു പാര്‍ത്തിടുന്നെ

നിന്നടിസ്ഥാനങ്ങളൊ പ്രഭ
ചിന്തുന്ന രത്നങ്ങളാം ശബളനിറം
വിണ്ണിനു നല്‍കിടുന്നു നയനസുഖം
കാണ്മവര്‍ക്കേകിടുന്നു നിര്‍മ്മലമാം....

പന്ത്രണ്ടു ഗോപുരങ്ങള്‍-മുത്തു
പന്ത്രണ്ടു കൊണ്ടു തന്നെ മുദമരുളും
തങ്കമെ വീഥിപാര്‍ത്താല്‍- സ്ഫടികസമം
തങ്കവോര്‍ക്കാനന്ദമേ നിര്‍മ്മലമാം....


വേണ്ടാ വിളക്കവിടെ-സൂര്യ
ചന്ദ്രരൊ വേണ്ടൊട്ടുമെ പരമസുതന്‍
തന്നെയതിന്‍ വിളക്കു-പരമൊളിയാല്‍
ശോഭിച്ചിടുന്നീപ്പുരം നിര്‍മ്മലമാം....

അന്ധതയില്ലാനാടെ ദൈവ
തേജസ്സു തിങ്ങും വീടെ-തവ സവിധെ
വേഗത്തില്‍ വന്നു ചേരാന്‍
മമഹൃദയം ആശിച്ചു കാത്തിടുന്നെ നിര്‍മ്മലമാം....

സൌഖ്യമാണെന്നും നിന്നില്‍ ബഹു
ദുഃഖമാണല്ലോ മന്നില്‍ ഒരു പൊതുതും
മൃത്യുവിലങ്ങു വന്നാല്‍ കരുണയും
ക്രിസ്തുവിന്‍ നന്മ തന്നാല്‍ നിര്‍മ്മലമാം....


പൊന്നെരുശലേമമ്മെ
നിന്നെ സ്നെഹിക്കും മക്കള്‍ നമ്മെ
തിരുമടിയില്‍ ചേര്‍ത്തു കൊണ്ടാലും ചെമ്മെ
നിജതനയര്‍ക്കാലംബമായൊരമ്മെ നിര്‍മ്മലമാം....

കടപ്പാട്.                          
ഷിജു അലക്സിന്റെ ബ്ലോഗില്‍ നിന്നും എടുത്തത്

1 comments:

Latest Activity

posted a new blog entry OM BOOKS.
3 years ago
posted a new blog entry OM Books Online.
3 years ago
posted a new blog entry ശൂലമി.
3 years ago

Share

Powered by